ആൽബർട്ടയിലെ സുപ്രധാന വിഷയങ്ങളിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി ജനഹിതപരിശോധനകൾ നടത്തണമെന്ന് ഒരു പ്രത്യേക സമിതി നിർദ്ദേശിച്ചു. പ്രീമിയർ ഡാനിയേൽ സ്മിത്തിൻ്റെ നേതൃത്വത്തിലുള്ള 'ആൽബർട്ട നെക്സ്റ്റ്' എന്ന പാനലാണ് ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്. കാനഡ പെൻഷൻ പ്ലാനിൽ (CPP) നിന്ന് ആൽബർട്ട പിന്മാറണോ എന്ന കാര്യത്തിൽ ജനങ്ങളുടെ അഭിപ്രായം തേടണം എന്നതാണ് ഒരു പ്രധാന നിർദ്ദേശം. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന് (RCMP) പകരം ആൽബർട്ടയ്ക്ക് സ്വന്തമായി ഒരു പ്രൊവിൻഷ്യൽ പോലീസ് സർവീസ് വേണമെന്നും സമിതി ശുപാർശ ചെയ്യുന്നു.
കുടിയേറ്റ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ആൽബർട്ടയ്ക്ക് കൂടുതൽ അധികാരം നൽകണം. ഇതിന് പുറമെ നികുതികൾ, പ്രൊവിൻഷ്യൽ അധികാരങ്ങൾ എന്നിവയുൾപ്പെടെയുള്ള ആഭ്യന്തര കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ആൽബർട്ടയ്ക്ക് കൂടുതൽ ശക്തമായ അധികാരം വേണമെന്നും റിപ്പോർട്ട് പറയുന്നു. മാസങ്ങൾ നീണ്ട പൊതുയോഗങ്ങൾക്കും ടൗൺ ഹാൾ ചർച്ചകൾക്കും ശേഷമാണ് സമിതി ഏഴ് പ്രധാന ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിച്ചത്. തങ്ങളുടെ ഭാവിയെ ബാധിക്കുന്ന തീരുമാനങ്ങളിൽ ആൽബർട്ടയിലെ ജനങ്ങൾക്ക് കൂടുതൽ പങ്കാളിത്തം വേണമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു.
സമിതിയുടെ നിർദ്ദേശങ്ങൾ സർക്കാർ ഇപ്പോൾ പരിശോധിച്ചു വരികയാണ്. ഇതിനുശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുകയാണെങ്കിൽ ആൽബർട്ടയുടെ സാമ്പത്തിക രംഗത്തും സേവന മേഖലകളിലും വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.